ഹിമാനി ഉരുകി വെള്ളപ്പൊക്കം; പാക് അധിനിവേശ കശ്മീരിൽ ചൈന നിർമ്മിച്ച പാലം തകർന്ന് വീണു

Share Now

പാക് അധീന കശ്മീരിലെ ഗിൽജിത്ത് മേഖലയിൽ ചൈന നിർമ്മിച്ച പാലം പ്രളയത്തിൽ തകർന്നടിഞ്ഞു. പാലം തകർന്ന് വീഴുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാകിസ്താനേയും ചൈനയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കാരക്കോറം ഹൈവേയിൽ ഹുൻസ താഴ്‌വരയ്‌ക്ക് സമീപത്തുള്ള ഹസാനബാദ് ഗ്രാമത്തിലാണ് പാലം തകർന്ന് വീണത്.

കനത്ത ചൂട് കാരണം മേഖലയിലെ ഷിസ്‌പെർ ഹിമാനി ഉരുകി വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. തുടർന്നുണ്ടായ വെള്ളത്തിന്റെ കുത്തൊഴുക്കിലാണ് പാലം തകർന്ന് വീണത്. പ്രദേശത്തെ ചില വീടുകൾക്കും രണ്ട് ഊർജ്ജ ഉത്പാദന നിലയങ്ങൾക്കും തകരാറ് സംഭവിച്ചിട്ടുണ്ട്. പാലം തകർന്നതോടെ മേഖലയിലെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. ചരക്ക് നീക്കം ഉൾപ്പെടെ തടസ്സപ്പെട്ടിട്ടുണ്ട്.
അതേസമയം പാകിസ്താനിൽ പലയിടത്തും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. സിന്ധ് പ്രവിശ്യയിലെ നഗരമായ ജാക്കോബാബാദിൽ 49 ഡിഗ്രി വരെയാണ് ചൂട് ഉയർന്നത്. 65 പേരോളം ഉഷ്ണതരംഗത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട്. കനത്ത ചൂടിലാണ് മേഖലയിലെ ഹിമാനികൾ ഉൾപ്പെടെ ഉരുകിയത്. വരും ദിവസങ്ങളിലും കാലാവസ്ഥ സമാനമായ രീതിയിൽ ഉയരുമെന്നാണ് റിപ്പോർട്ട്.