ബജറ്റ് വിമാനവുമായി സ്വകാര്യ കമ്പനി ; ആകാശ എയറിന്റെ ആദ്യ ചിത്രം പുറത്തുവിട്ടു

Share Now

മുംബൈ: ഇന്ത്യയുടെ സ്വന്തം ബജറ്റ് വിമാനങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി. ആകാശ എയറാണ് ബോയിംഗ് 737 മാക്‌സ് വിമാനം സ്വന്തമാക്കിയത്. രാകേഷ് ജുൻഝുൻവാലയുടെ ഉടമസ്ഥതയിലുള്ള ആകാശ എയറിന്റെ ആദ്യവിമാനം അമേരിക്കയിലെ പോർട്ട്രാന്റിലാണ് നിർമ്മാണം പൂർത്തിയായി കൈമാറ്റത്തിന് തയ്യാറായത്. കമ്പനി തന്നെ ആകാശ വിമാനത്തിന്റെ ആദ്യ ചിത്രവും പുറത്തുവിട്ടു. മുൻ ഇൻഡിഗോ സിഇഒ ആദിത്യ ഘോഷ്, ജെറ്റ് എയർവെയ്‌സ് മുൻ സിഇഒ വിനയ് ദുബേ എന്നിവരും ആകാശ വിമാനകമ്പനിയിൽ പങ്കാളികളാണ്.

ആകാശയുടെ ആദ്യവിമാനം ജൂൺ പകുതിയോടെ പരീക്ഷണ പറക്കലുകൾക്ക് ശേഷം ഇന്ത്യയിലേക്ക് എത്തുമെന്ന് ആകാശ ജീവനക്കാർ അറിയിച്ചു. ജൂലൈ മാസത്തിൽ സർവ്വീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിട്ടുള്ളത്. 2023 ഓടെ 18 വിമാനങ്ങൾ ഇന്ത്യയ്‌ക്കകത്ത് യാത്രക്കാർക്കായി നൽകാനാകുമെന്നാണ് ആകാശ അധികൃതരുടെ ലക്ഷ്യം.

രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളേയും ടയർ-2, 3 നഗരങ്ങളേയും ബന്ധിപ്പിക്കുന്ന തരത്തിലാകും വിമാനങ്ങളുടെ യാത്ര ക്രമപ്പെടുത്തുക. സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ മികച്ച യാത്ര സൗകര്യം എന്നതാണ് ആത്യന്തിക ലക്ഷ്യമെന്നും കമ്പനി അറിയിച്ചു.