നാരീശക്തി ; സൈനിക ഓപ്പറേഷനുകൾ കരുത്തോടെ നയിക്കാൻ ആകാശത്ത് ഇനി അഭിലാഷ

Share Now

ന്യൂഡൽഹി : ഇന്ത്യൻ കരസേനയിലെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായി ക്യാപ്റ്റൻ അഭിലാഷ ബാരക്. ഹരിയാനയിൽ നിന്നുള്ള 26 കാരി നാസിക്കിലെ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ഹെലികോപ്റ്റർ പൈലറ്റായി ആർമി ഏവിയേഷൻ കോറിൽ ചേരുന്നത്. 2018 ലാണ് സൈനിക അക്കാദമിയിൽ നിന്ന് ട്രെയിനിംഗ് പൂർത്തിയാക്കിയ ശേഷം അഭിലാഷ ആർമി ഏവിയേഷൻ ഡിഫൻസ് കോറിന്റെ ഭാഗമായത്.

അച്ഛൻ ആർമി ഉദ്യോഗസ്ഥനായിരുന്നത് കൊണ്ട് തന്നെ മിലിട്ടറി കന്റോൺമെന്റുകളിൽ ചുറ്റും യൂണിഫോം ധരിച്ച ആളുകളെ കണ്ടുകൊണ്ടാണ് ജിവീച്ചത്. അതുകൊണ്ട് തന്നെ ആ ജീവിതം അഭിലാഷയ്‌ക്ക് ഒരിക്കലും അസാധാരണമായി തോന്നിയില്ല. 2011 ൽ അച്ഛൻ വിരമിച്ചതോടെ ഇതിലെല്ലാം മാറ്റം സംഭവിച്ചു. തുടർന്ന് സഹോദരൻ സൈനിക അക്കാദമിയിൽ നിന്ന് കോഴ്‌സ് പൂർത്തിയാക്കി. 2013 ൽ സഹോദരന്റെ പാസിംഗ് ഔട്ട് പരേഡ് കണ്ടതോടെയാണ് താനും സൈന്യത്തിൽ ചേരാൻ തീരുമാനിച്ചത് എന്ന് അഭിലാഷ പറയുന്നു.

2016 ൽ ഡൽഹി ടെക്കനോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി ടെക്ക് ബിരുദം നേടിയ ശേഷം അഭിലാഷ നേരെ യുഎസിലേക്ക് പറന്നു. അവിടെ ഡിലോയിറ്റ് കമ്പനിയിലാണ് ജോലി ചെയ്തത്. 2018 ൽ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് പരിശീലനം നേടിയ ശേഷം ഇന്ത്യൻ ആർമിയിൽ ചേർന്നു.
പലർക്കും അറിയാത്ത തന്റെ അച്ഛന്റെ ഒരു കഥയും അഭിലാഷ പറഞ്ഞു. 1987-ൽ, ഓപ്പറേഷൻ മേഘദൂതിന്റെ ഭാഗമായി തന്റെ അച്ഛൻ അമർ പോസ്റ്റിൽ നിന്ന് ബനാ ടോപ്പ് പോസ്റ്റിലേക്ക് ഒരു പട്രോളിംഗ് സംഘത്തെ നയിച്ചിരുന്നു. എന്നാൽ മോശം കാലാവസ്ഥ കാരണം അദ്ദേഹത്തിന് സെറിബ്രൽ ഒഡെമ അനുഭവപ്പെട്ടു. ഉടൻ അദ്ദേഹത്തെ അമർ പോസ്റ്റിലേക്ക് തിരികെ കൊണ്ടുവന്ന് പ്രാഥമിക ചികിത്സ നൽകി. തന്റെ അച്ഛന്റെ ജീവൻ പോലും ആർമി ഏവിയേഷൻ കോറിനോട് കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്  താനും സേനയുടെ ഭാഗമാകാൻ തീരുമാനിച്ചത് എന്നും അഭിലാഷ പറഞ്ഞു.