കൊറോണ വ്യാപനം; രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ കേരളത്തിൽ

Share Now

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനത്തിൽ നേരിയ കുറവ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പതിനായിരത്തിന് മുകളിൽ രോഗികളായിരുന്നു രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ 9,923 പേർക്ക് മാത്രമാണ് ഇന്ന് രോഗബാധ. ഇന്നലെത്തേക്കാൾ 22.4 ശതമാനം കുറവാണിത്.

അതേസമയം 17 പേരുടെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,24,890 ആയി. നിലവിൽ 79,313 രോഗബാധിതരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ 2,613 സജീവ രോഗികൾ കൂടുതലാണ്. 98.61 ശതമാനമാണ് രോഗമുക്തി നിരക്ക്. 7,293 പേർ കൂടി രോഗമുക്തി നേടി.

ഏറ്റവും കൂടുതൽ രോഗബാധയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇന്നലെ ഏറ്റവുമധികം രോഗികൾ റിപ്പോർട്ട് ചെയ്തതും കേരളത്തിലാണ് (2,786). ആകെ പ്രതിദിന കേസുകളിൽ 28.08 ശതമാനം രോഗികളും കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നവരാണ്. മഹാരാഷ്‌ട്ര, ഡൽഹി, തമിഴ്‌നാട്, ഹരിയാന എന്നിവയാണ് പ്രതിദിന രോഗികൾ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങൾ.