രണ്ട് വർഷം തുടർച്ചയായി സഹകരിച്ചില്ലെങ്കിൽ നടപടി; അംഗങ്ങളുടെ മേൽ പിടിമുറുക്കാൻ ‘അമ്മ’

Share Now

കൊച്ചി: അംഗങ്ങളുടെ മേൽ പിടിമുറുക്കാനൊരുങ്ങി താരസംഘടനയായ അമ്മ. രണ്ട് വർഷം തുടർച്ചയായി സഹകരിച്ചില്ലെങ്കിൽ നടപടി എടുക്കും. ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഒഴിവാക്കുന്നത് ആകും ആദ്യ നടപടി. യുവതാരങ്ങൾ യോഗത്തിൽ പങ്കെടുക്കാത്തതിലും സംഘടന അതൃപ്തി വ്യക്തമാക്കി. നിലവിൽ അമ്മ സംഘടനയിൽ യുവതാരങ്ങളുടെ പ്രാതിനിധ്യം വളരെ കുറവാണ്. ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയ ചുരുക്കം താരങ്ങൾ മാത്രമാണ് ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗത്തിലും പങ്കെടുത്തത്.

നിലവിൽ അഞ്ഞൂറോളം അംഗങ്ങളാണ് അമ്മ സംഘടനയിൽ ഉള്ളത്. അതിൽ 250ഓളം പേർ മാത്രമാണ് ഇന്നലത്ത പരിപാടിയിലും പങ്കെടുത്തത്. പല നടന്മാരും നടിമാരും അമ്മയുമായി സഹകരിച്ചിരുന്നില്ല. മുതിർന്ന അംഗങ്ങൾ പോലും കുറച്ച് നാളുകളായി യോഗങ്ങളിൽ നിന്ന് വിട്ട് നിൽക്കുന്ന സാഹചര്യവും ഉണ്ട്. മെംബർഷിപ്പ് പുതുക്കിയ ശേഷം പരിപാടികളിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നതിനാണ് പ്രധാനമായും വിമർശനം ഉയർന്നത്.

രണ്ട് വർഷം തുടർച്ചയായി ജനറൽ ബോഡി മീറ്റിംഗുകളിൽ പങ്കെടുക്കാത്ത ആളുകളെയാകും സംഘടനയിൽ നിന്ന് ഒഴിവാക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെങ്കിൽ അവർക്ക് ഇളവ് നൽകും. കൃത്യമായി കാരണങ്ങൾ അമ്മയെ ധരിപ്പിക്കാതെ, സംഘടനയുമായി സഹകരിക്കാതെ നിൽക്കുകയും എന്നാൽ അംഗമെന്ന പരിരക്ഷയോട് കൂടി മുന്നോട്ട് പോകുന്ന അംഗങ്ങൾക്കെതിരെയാകും നടപടി വരിക.

ആദ്യഘട്ടത്തിൽ ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഒഴിവാക്കും. അത് ഒരു താക്കീത് നടപടി മാത്രമായിരിക്കും. തുടർന്ന് പരിപാടികളിൽ പങ്കെടുത്തില്ലെങ്കിലാണ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഇന്നലെ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം വന്നിട്ടുള്ളത്.