വടക്കൻ കേരള തീരത്ത് ന്യൂനമർദ്ദ പാത്തി; അറബിക്കടലിൽ ശക്തി പ്രാപിച്ച് പടിഞ്ഞാറൻ കാറ്റ് ; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ

Share Now

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്‌ട്ര തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. മഴയ്‌ക്ക് പുറമേ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിന് സാദ്ധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.

ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ആണ് യെല്ലോ അലർട്ടുള്ളത്. ജില്ലകളിൽ 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്‌ക്ക് പുറമേ കടൽ പ്രക്ഷുബ്ധമാകാനും സാദ്ധ്യതയുണ്ട്. അതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കടൽ തീരത്ത് താമസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നാണ് നിർദ്ദേശം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട് . എറണാകുളം ഉൾപ്പെടെയുളള മിക്ക ജില്ലകളിലും ഇന്നലെ മുതൽ മഴ ശക്തമാകുകയും ചെയ്തിട്ടുണ്ട്.