മിനുക്കിയെടുത്ത് മിനി; പുതുപുത്തൻ മോഡലുമായി മിനി കൂപ്പർ വരുന്നു

Share Now

ബിഎംഡബ്ല്യുവിന് കീഴിലുള്ള ഐക്കണിക്ക് ബ്രിട്ടീഷ് വാഹന ബ്രാന്‍ഡാണ് മിനി കൂപ്പർ. വളരെപ്പെട്ടന്ന് വാഹന പ്രേമികൾക്ക് ഹരമായി മാറിയ വാഹനമാണിത്. ഇപ്പോളിതാ മിനി കൂപ്പർ തങ്ങളുടെ പുതിയ മോഡലുമായി എത്തുകയാണ്. മിനി കൂപ്പര്‍ എസ്ഇയുടെ ഓൾ-ഇലക്‌ട്രിക് കൺവേർട്ടബിൾ പതിപ്പ് കമ്പനി അവതരിപ്പിച്ചു. ഇതൊരു ഒറ്റത്തവണ മോഡലാണെന്നും സീരീസ് പ്രൊഡക്ഷൻ കാർ ആയിരിക്കില്ലെന്നുമാണ് ബിഎംഡബ്ല്യു വ്യക്തമാക്കുന്നത്.

നാല് സീറ്റുകളുള്ള മിനി കൂപ്പർ എസ്ഇ മോഡലാണ് കമ്പനി അവതരിപ്പിക്കുന്നത്. ചെറിയ കാറുകളിൽ പൂർണ്ണമായും ഇലക്ട്രിക് ഡ്രൈവ് ട്രെയിനോട് കൂടിയ ലോകത്തിലെ ഏക പ്രീമിയം കൺവെർട്ടിബിൾ മോഡലാണിതെന്ന് കമ്പനി അവകാശപ്പെടുന്നതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിൽ നടക്കുന്ന കമ്മ്യൂണിറ്റി ഇവന്‍റിൽ ഈ ഇലക്ട്രിക് വാഹനം ബിഎംഡബ്ല്യു പ്രദർശിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

2,495 എംഎം വീൽബേസും 1,727 എംഎം വീതിയും 2,495 എംഎം ഉയരവുമാണ് ഓൾ-ഇലക്‌ട്രിക് ബിഎംഡബ്ല്യു മിനി കൂപ്പർ എസ്ഇയ്‌ക്ക് ഉള്ളത്. കൂടാതെ വാഹനത്തിന്റെ നീളം 3,863 മില്ലിമീറ്ററാണ്. ല​ഗേജ് സ്പേയ്സ് മറ്റ് മിനി കുപ്പർ മോഡലുകളുടേത് പോലെ തന്നെയാണ്. ത്രീ-ഡോർ മിനി കൂപ്പർ എസ്ഇ-യുടെ അതേ ഡ്രൈവ് ഘടകങ്ങൾ തന്നെയാണ് പുതിയ ഇവി കാറിലും ഉപയോ​ഗിക്കുന്നത്. 184 hp പവർ ഔട്ട്‌പുട്ട് ഉത്പാദിപ്പിക്കാൻ കഴിവുള്ള 137 kW ഇലക്ട്രിക് മോട്ടോർ കൊണ്ടാണ് ഓൾ-ഇലക്‌ട്രിക് മിനി കൂപ്പർ എസ്ഇ സജ്ജീകരിച്ചരിക്കുന്നത്.

230 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിന് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. 7.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത വാഹനത്തിന് കൈവരിക്കാനാകും. പൂർണ്ണമായ ഇലക്ട്രിക് ആയ മിനി കൂപ്പർ എസ്ഇയുടെ മേൽ ഭാ​ഗം 18 സെക്കൻഡിനുള്ളിൽ തുറക്കാനും അടയ്‌ക്കാനും സാധിക്കും. ബട്ടണിൽ അമർത്തിയാൽ അതിവേ​ഗം മേൽ ഭാ​ഗം പൂർണ്ണമായും തുറക്കാനും അടയ്‌ക്കാനും സാധിക്കുന്നത് കൂടാതെ സൺറൂഫ് ക്രമീകരണവും വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.