അടി കൊണ്ടോന്റെ ചിരി കണ്ടോളീ ; തല്ലുമലയിലെ അടി ഒറിജിനൽ ; വീഡിയോ പങ്കുവെച്ച് ടോവിനോ

Share Now

സിനിമകളിലെ സംഘട്ടനരംഗങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്. ഇത്തരത്തിലുള്ള രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും താരങ്ങൾക്ക് അടികൊള്ളേണ്ടതായും വരാറുണ്ട്. പലപ്പോഴും ഇവയുടെ മേക്കിങ് വീഡിയോ പുറത്ത് വരിക സിനിമ ഒക്കെ ഇറങ്ങി കുറച്ച് ദിവസങ്ങൾ കഴിഞ്ഞാവും . എന്നാൽ അതിൽ നിന്ന് അല്പ്പം വ്യത്യസ്തരായിരിക്കുകയാണ് തല്ലുമാല ടീം .

രണ്ട് ദിവസം മുമ്പാണ് തല്ലുമാലയുടെ ട്രെയിലർ പുറത്തിറങ്ങിയത്. ഇതിൽ പ്രധാന ആകർഷണം സംഘട്ടനരംഗങ്ങളും ആയിരുന്നു. ട്രെയിലറിൽ ടോവിനോ തോമസിന് അടിയേൽക്കുന്നതായി കാണാൻ സാധിക്കും. ഈ രംഗത്തിൽ ടോവിനോ ശരിക്കും അടി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

അടി കൊണ്ടോന്റെ ചിരി കണ്ടോളീ എന്ന് എഴുതി കൊണ്ടാണ് താരം ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.നിരവധി പേരാണ് വീഡിയോക്ക് കമെന്റുകളുമായെത്തിയത്.

ഇതിപ്പോ അനക്ക് പുതിയ കാര്യമൊന്നും അല്ലല്ലോ എന്നാണ് സംയുക്താ മേനോന്റെ കമന്റ്. എക്‌സലന്റ് എന്നായിരുന്നു നടൻ ലുക്മാൻ അവറാന്റെ പ്രതികരണം. സിനിമയുടെ സംവിധായകൻ ഖാലിദ് റഹ്മാൻ പറഞ്ഞത് റിയലിസ്റ്റിക് ആക്റ്റിങ് എന്നായിരുന്നു.

ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. മുഹ്സിൻ പരാരിയും, അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിതരണം സെൻട്രൽ പിക്‌ചേർസ്. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.